---
title: "ശതാഭിഷേക നിറവിൽ എം. മുകുന്ദന് സ്നേഹാദരവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പള്ളൂരിൽ"
english_title: "M Mukundan Felicitated At Shatabhishekam Home Minister Ramesh Chennithala Visits Palloor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384476/ m-mukundan-shatabhishekam-ramesh-chennithala-felicitation-palloor"
published_at: "2026-09-28T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9dfac74bd3_sivasurya-missing-case-crime-branch-probe-action-committee-petition-panoor.jpg"
keywords: ["M Mukundan", "Ramesh Chennithala", "Shatabhishekam", "Palloor News", "Kerala Sahitya Akademi"]
---

# ശതാഭിഷേക നിറവിൽ എം. മുകുന്ദന് സ്നേഹാദരവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പള്ളൂരിൽ

> **Lead Summary:** ശതാഭിഷേക നിറവിലുള്ള എഴുത്തുകാരൻ എം. മുകുന്ദന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മുകുന്ദന്റെ ആരോഗ്യവിവരങ്ങളും ചെന്നിത്തല ചോദിച്ചറിഞ്ഞു.

## Article Content

ശതാഭിഷേക നിറവിലുള്ള എഴുത്തുകാരൻ എം. മുകുന്ദന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മുകുന്ദന്റെ ആരോഗ്യവിവരങ്ങളും ചെന്നിത്തല ചോദിച്ചറിഞ്ഞു.

മുകുന്ദൻ തന്റെ ‘പ്രവാസം’ എന്ന നോവൽ രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. സാഹിത്യവും സമകാലിക വിഷയങ്ങളും ഇരുവരും തമ്മിൽ ചർച്ച ചെയ്തു.

ഓപ്പറേഷൻ തൂഫാൻ വളരെ വിജയകരമായിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിലവിൽ ഭൂട്ടാൻ രാജ്യത്തും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശതാഭിഷേകത്തിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച മുകുന്ദൻ, എഴുത്തുകാർക്കും രാഷ്ട്രീയക്കാർക്കും ആയുസ്സ് കൂടുതലാണെന്ന് പറഞ്ഞു.

> “പൊതുവെ ഷഷ്ടിപൂർത്തിയാകുക തന്നെ വലിയൊരു കാര്യമാണ്. എന്നാൽ ശതാഭിഷേകം എന്നത് ആയിരം പൂർണ ചന്ദ്രനെ കണ്ട് പൂർത്തിയാക്കുന്നതിന്റെ ആഘോഷമാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ടുവെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഈ ജീവിതയാത്ര ഇവിടെവരെ എത്തിച്ചേരുകയും ശതാഭിഷേകം പൂർത്തിയാക്കാൻ കഴിയുകയും ചെയ്തതിൽ ഏറെ സന്തോഷമുണ്ട്,” മുകുന്ദൻ പറഞ്ഞു.

കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണനെ തിരഞ്ഞെടുത്തത് വളരെ നല്ല തീരുമാനമാണെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384476/ m-mukundan-shatabhishekam-ramesh-chennithala-felicitation-palloor)